കഴിഞ്ഞ രണ്ടുവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എന്റെ ഓണം അല്പം ഗംഭീരം ആയിരുന്നു. വർക്ക്‌ഷോപ്പിലും വീട്ടിലും ഇത്തവണ ആഘോഷമായി തന്നെ ഓണം കൊണ്ടാടി. സാധാരണയായി മൂന്നു ദിവസമാണ് ഞങ്ങൾക്ക് ഓണത്തിന് അവധി ലഭിക്കാറ്. തിരുവോണം, അവിട്ടം, ചതയം. ഇത്തവണ ഉത്രാടം ഞായറാഴ്ച വന്നത് ഒരു ദിവസം അധികം അവധി ലഭിക്കാൻ സഹായിച്ചു. 21-)o തീയതി ഞാൻ എത്തുമ്പോഴേയ്ക്കും വർക്ൿഷോപ്പിലെ പൂക്കളത്തിന്റെ പണി ഏതാണ്ട് അവസാന ഘട്ടത്തിൽ ആയിരുന്നു. ചിത്രങ്ങൾ എടുക്കുക എന്നതിൽ മാത്രമായി എന്റെ ശ്രദ്ധ. ഏകദേശം ഒരു മണിയോടെ പൂക്കളത്തിന്റെ പണി അവസാനിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി പൂക്കളം ഒരുക്കാൻ സാധിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം. പിന്നെ പൂക്കളത്തിനു മുൻപിൽ ചിത്രം എടുക്കുന്നതിലായി തിരക്ക്. പൂക്കളത്തിന്റെ ശില്പികളിൽ ചിലർക്കൊപ്പം ഞാനും ഒരു ചിത്രത്തിന് പോസ് ചെയ്തു. അപ്പോഴേയ്ക്കും കാറ്ററിങ്ങിൽ നിന്നും വിഭവസമൃദ്ധമായ സദ്യയും എത്തി. സാധാരണ ഏതെങ്കിലും ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ ആണ് ഓണസദ്യ പതിവ്. ഇത്തവണ ആ പതിവ് വേണ്ടെന്നു വച്ചു. പലപ്പോഴും ഭക്ഷണത്തിന്റെ രുചിതന്നെ പ്രശ്നം. ഇത്തവണത്തെ ഭക്ഷണം എന്തായാലും സ്വാദിഷ്ഠമായിരുന്നു. അങ്ങനെ ഉച്ചഭക്ഷണത്തി...