ഇന്ന് തമിഴനാടിന് കൂടിവെള്ളം നൽകണം എന്ന ഏകചിന്തയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമായി പല രാഷ്ട്രീയ നേതാക്കളും കാണുന്ന പോംവഴി. ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ തോന്നും കുടിവെള്ളം എന്നത് കേരളത്തിന് ഒരു വിഷയം അല്ലെന്ന്. ഇവിടെ ശുദ്ധജലക്ഷാമം എന്നൊരു പ്രശ്നം ആരും അഭിമുഖീകരിക്കുന്നില്ലെന്ന്. ഒരു പക്ഷെ ഇവർ മനഃപൂർവ്വം മറക്കുന്നതാവണം മുല്ലപ്പെരിയാർ വിഷയത്തോളം തന്നെ പഴക്കമുണ്ട് ഞങ്ങളുടെ, വൈപ്പിൻകരക്കാരുടെ, കുടിവെള്ളപ്രശ്നത്തിന് എന്നത്. എന്റെ ഓർമ്മയുള്ള കാലം മുതൽ വൈപ്പിൻ കുപ്രസിദ്ധമായത് രണ്ടു കാര്യങ്ങൾക്കാണ് ഒന്ന് വിഷമദ്യദുരന്തം രണ്ട് കുടിവെള്ളത്തിനു വേണ്ടിയുള്ള സമരങ്ങൾ . എറണാകുളം എന്ന മഹാനഗരത്തിൽ നിന്നും നോക്കിയാൽ കാണാവുന്ന അത്ര അകലത്തിൽ, കൊച്ചിക്കായനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് വൈപ്പിൻ. ലോകത്തിൽ ജനസാന്ദ്രതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ദ്വീപുകളിൽ ഒന്ന്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടതെങ്കിലും വൈപ്പിൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം ശുദ്ധജലക്ഷാമം തന്നെ. വൈപ്പിൻ കരയുടെ തെക്കേഅറ്റത്തുള്ള ജനങ്ങൾ വർഷം മുഴുവനും പൂർണ്ണമായും ആശ്രയിക്കുന്നത് കേരള വാട്ടർ അ...