തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനും അധികാരത്തിൽ വരാനും തന്നെയാണ്. അതിനായി ജനപിന്തുണ ഉണ്ടായി. കർണ്ണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും ചെയ്തു. പക്ഷെ ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. ഏതാനും ചില സീറ്റുകളുടെ കുറവ്. ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിൽ കൂടുതൽ സീറ്റുകൾ ഉണ്ടെങ്കിലേ ഭരിക്കാൻ പറ്റൂ എന്നില്ല. വിശ്വാസവോട്ട് നടക്കുന്ന അവസരത്തിൽ സഭയിൽ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായാൽ മതി. അതുകൊണ്ട് 104 സീറ്റുകൾ നേടിയ ഭാരതീയ ജനതാപാർട്ടി കർണ്ണാടകയിൽ സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചത് വലിയ തെറ്റായി ഞാൻ കാണുന്നില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒക്കെ ഇതിനു മുൻപും ന്യൂനപക്ഷ സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. നരസിഹറാവു സർക്കാർ ഭരിച്ച അഞ്ചുവർഷവും ന്യൂനപക്ഷസർക്കാരായിരുന്നു. പല നിർണ്ണായകമായ വോട്ടെടുപ്പുകളിലും ചില അംഗങ്ങൾ വിട്ടുനിന്നതു കൊണ്ട് (അതിന്റെ പിന്നിലെ കളികൾ വേറേ) സർക്കാർ അഞ്ചുവർഷവും തികച്ചു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഭരണഘടനയിൽ ഇല്ലാത്തതുകൊണ്ടാണ് പലപ്പോളും ...