ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല, എന്നത്തേയും പോലെ യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാത്ത യാത്ര. എന്റെ യാത്രകൾ പലപ്പോഴും അങ്ങനെയാണ്. അപ്രതീക്ഷിതമായിട്ടാവും ഓരോ സ്ഥലങ്ങളിൽ എത്തിപ്പെടുക. പലപ്പോഴും ജോലിയുടെ ഭാഗമായി പലസ്ഥലങ്ങളിലും പോകേണ്ടിവരാറുണ്ട്. ജോലി നേരത്തെ കഴിഞ്ഞാൽ അവിടെ അടുത്ത് പ്രസിദ്ധമായ ഏതെങ്കിലും സ്ഥലം ഉണ്ടെങ്കിൽ സന്ദർശിക്കും. ചിത്രങ്ങൾ എടുക്കും. സമയം കിട്ടിയാൽ ആ ചിത്രങ്ങളും വിശേഷങ്ങളും ബൂലോകത്തിലൂടെ പങ്കുവെയ്ക്കും. ഇന്നത്തെ യാത്രയും അങ്ങനെ തന്നെ. ധാരാളം ചലച്ചിത്രങ്ങളിലൂടെ കണ്ട് പരിചയപ്പെട്ട ഒരു സ്ഥലത്തേയ്ക്ക്. എറണാകുളം ജില്ലയിൽ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂരിൽ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ മുളംകുഴി എന്ന കൊച്ചു ഗ്രാമത്തിലേയ്ക്ക്. ഈ സ്ഥലനാമം പല രീതിയിൽ എഴുതിക്കണ്ടു, മുളംങ്കുഴി, മുളങ്കുഴി, മുളംകുഴി അങ്ങനെയെല്ലാം. എന്തായാലും ഉഛാരണത്തിൽ ഒന്നു തന്നെ മുളങ്കുഴി. രണ്ടു നദികളുടെ സംഗമസ്ഥാനമാണ് മുളങ്കുഴി, പെരിയാറും പെരുന്തോടും ഇവിടെ സംഗമിക്കുന്നു. മുളങ്കുഴി പുഴ എന്ന് ഇവിടെ പെരിയാറിനെ ചിലർ പറയുമ്പോൾ തദ്ദേശവാസികൾ ഇവിടെ വിശേഷിപ്പിക്കുന്നത് മഹാഗണിത്തോട് എന്നാണ്. ഇവിടുത്തെ ...