തീവ്രവാദത്തിന്റെ ദുരിതഫലങ്ങൾ ഏറ്റവും അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ പലപ്പോഴും പിടിയിലാകുന്ന തീവ്രവാദികളോട് അനുഭാവപൂർണ്ണമായ നിലപാടുകളാണ് ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും കേൾക്കുന്നത്. ഭീകരവാദത്തിന്റെ കയ്പുനീർ ഏറെ അനുഭവിച്ച ഒരു സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിൽ നിന്നും ഭീകരവാദം തുടച്ചു നീക്കാൻ ഏറെ ശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്ത മുഖ്യമന്ത്രിയാണ് ബിയാന്ത് സിങ്ങ്. 1995 ആഗസ്ത് 31ന് അദ്ദേഹം അതീവസുരക്ഷാമേഖലയായ പഞ്ചാബ് സിവിൽ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ദിലാവർ സിങ് എന്ന വ്യക്തി സ്വന്തം ദേഹത്ത് ഘടിപ്പിച്ച് ബോംബ് പൊട്ടിച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു. ഏതെങ്കിലും കാരണവശാൽ ദിലാവർ സിങിന്റെ ശ്രമം പരാജയപ്പെട്ടാൽ ദേഹത്ത് ഘടിപ്പിച്ച ബോംബുമായി ബൽവന്ത് സിങ് രജൂന എന്ന രണ്ടാമത്തെ വ്യക്തിയും അവിടെ ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി ബിയന്ത് സിങിനൊപ്പം 17 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസ് പിന്നീട് സി ബി ഐ അന്വേഷിക്കുകയും തുടർന്ന് സി ബി ഐയുടെ പ്രത്യേക കോടതി...