കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം എന്ന നമ്മുടെ തലസ്ഥാനനഗരിയുടെ മുഴുവൻ മാലിന്യങ്ങളും വിളപ്പിൽ ഗ്രാമപഞ്ചായത്ത് ചുമക്കുന്നു. ഈ ദുർവിധിയ്ക്കെതിരെ അവർ നടത്തിവന്ന ധീരമായ സമരം ഏതാണ്ട് പരിസമാപ്തിയിലേയ്ക്ക് അടുക്കുകയാണ് എന്ന് വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. മാലിന്യസംസ്കരണശാല അവിടെ പ്രവർത്തിപ്പിക്കുന്നതിൽ നഗരസഭയ്ക്കും തങ്ങൾക്കും പറ്റിയ വീഴ്ചകളും ജനങ്ങളുടെ ശക്തമായ എതിർപ്പും മൂലം ഈ മാലിന്യസംസ്കരണശാല അവിടെ തുടർന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും ശാലപൂട്ടാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ അഭ്യർത്ഥിച്ചാൽ, ആ അഭ്യർത്ഥന കോടതി അംഗീകരിച്ചാൽ അതൊരു വലിയ വിജയമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വിജയം. വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണകേന്ദ്രത്തിന്റെയും സമരത്തിന്റേയും ചരിത്രം ഞാൻ മനസ്സിലാക്കിയത് ഇവിടെ കുറിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം നഗരസഭയും സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ചതാണ് നിലവിൽ "വിളപ്പിൽശാല" എന്നറിയപ്പെടുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഉ...