ഇന്ന് തമിഴനാടിന് കൂടിവെള്ളം നൽകണം എന്ന ഏകചിന്തയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമായി പല രാഷ്ട്രീയ നേതാക്കളും കാണുന്ന പോംവഴി. ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ തോന്നും കുടിവെള്ളം എന്നത് കേരളത്തിന് ഒരു വിഷയം അല്ലെന്ന്. ഇവിടെ ശുദ്ധജലക്ഷാമം എന്നൊരു പ്രശ്നം ആരും അഭിമുഖീകരിക്കുന്നില്ലെന്ന്. ഒരു പക്ഷെ ഇവർ മനഃപൂർവ്വം മറക്കുന്നതാവണം മുല്ലപ്പെരിയാർ വിഷയത്തോളം തന്നെ പഴക്കമുണ്ട് ഞങ്ങളുടെ, വൈപ്പിൻകരക്കാരുടെ, കുടിവെള്ളപ്രശ്നത്തിന് എന്നത്. എന്റെ ഓർമ്മയുള്ള കാലം മുതൽ വൈപ്പിൻ കുപ്രസിദ്ധമായത് രണ്ടു കാര്യങ്ങൾക്കാണ് ഒന്ന് വിഷമദ്യദുരന്തം രണ്ട് കുടിവെള്ളത്തിനു വേണ്ടിയുള്ള സമരങ്ങൾ. എറണാകുളം എന്ന മഹാനഗരത്തിൽ നിന്നും നോക്കിയാൽ കാണാവുന്ന അത്ര അകലത്തിൽ, കൊച്ചിക്കായനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് വൈപ്പിൻ. ലോകത്തിൽ ജനസാന്ദ്രതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ദ്വീപുകളിൽ ഒന്ന്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടതെങ്കിലും വൈപ്പിൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം ശുദ്ധജലക്ഷാമം തന്നെ. വൈപ്പിൻ കരയുടെ തെക്കേഅറ്റത്തുള്ള ജനങ്ങൾ വർഷം മുഴുവനും പൂർണ്ണമായും ആശ്രയിക്കുന്നത് കേരള വാട്ടർ അഥോറിറ്റിയെ ആണ്.
വൈപ്പിൻകരയ്ക്ക് മാത്രമല്ല എറണാകുളം എന്ന മഹാനഗരത്തിനും അതിനു ചുറ്റും ഉള്ള അനേകം ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കുടിവെള്ളത്തിനായി വാട്ടർ അഥോറിറ്റി ആശ്രയിക്കുന്നത് പെരിയാറിനെ ആണ്. പെരിയാറിൽ പലസ്ഥലങ്ങളിലായുള്ള പമ്പഹൗസുകൾ വെള്ളം ശുദ്ധീകരണശാലകളിൽ എത്തിച്ച് അവിടെ നിന്നും ശുദ്ധീകരിച്ച വെള്ളം എറണാകുളം ജില്ലയുടെ പലഭാഗങ്ങൾക്കും വിതരണം ചെയ്യുന്നു. വേനൽക്കാലമാവുന്നതോടെ ഇവിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി പെരിയാറിൽ ഉപ്പുവെള്ളം കയറുന്നു എന്നതാണ്. ഇതുമൂലം ജലം ശുദ്ധീകരിക്കാനാകാതെ പലപ്പോഴും ജലവിതരണം മുടങ്ങുന്നതും പതിവാണ്. ഇപ്രകാരം ഓരുവെള്ളം കയറി ലവണാംശം വർദ്ധിക്കുന്നത് തടയാൻ പെരിയാറിൽ പല സ്ഥലങ്ങളിലും വേനൽ രൂക്ഷമാകുന്നതിന് മുൻപുതന്നെ മണൽ ബണ്ടുകൾ കെട്ടാറുണ്ട്. ഇങ്ങനെ പല മുൻകരുതലുകൾ സ്വീകരിച്ചാലും ലവണാംശം വർദ്ധിച്ച ചിലപ്പോൾ ദിവസങ്ങളോളം ജലവിതരണം മുടങ്ങാറുണ്ട്. അറബിക്കടലിൽ നിന്നും മുപ്പതും നാല്പതും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആലുവ പമ്പ്‌ഹൗസും ചൊവ്വരപമ്പ് ഹൗസും ഇത്തരത്തിൽ പമ്പിങ്ങ് നിറുത്തിവെയ്ക്കുന്നുണ്ട് എന്ന് പറയുമ്പോൾ കാര്യം എത്ര ഗുരുതരമാണെന്ന് ഊഹിക്കാമല്ലൊ.
ഇതും മുല്ലപ്പെരിയാറും തമ്മിൽ എന്തു ബന്ധം എന്നതല്ലെ ഒരു പക്ഷെ നിങ്ങൾ ആലോചിക്കുന്നുണ്ടാവുക. ബന്ധമുണ്ട്. പെരിയാറിൽ ലവണാംശം ക്രമീകരിക്കുന്നതും, വേനൽക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് നിലനിറുത്തുന്നതും ഭൂതത്താൻകെട്ട് ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടാണ്. ഭൂതത്താൻകെട്ടിൽ വെള്ളമെത്തുന്നത് വേനൽക്കാലത്ത് ഇടുക്കി ജലവൈദ്യുതപദ്ധതികൾ പ്രവർത്തിക്കുന്നതുവഴിയും. മുല്ലപ്പെരിയാർ ഡാമിന് എന്തിങ്കിലും അപകടം സംഭവിച്ചാൽ ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാനായി ഇപ്പോൾ ഇടുക്കി ഉൾപ്പടെയുള്ള പെരിയാറിലുള്ള ജലവൈദ്യുതപദ്ധതികൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ച് ഇടുക്കിഡാമിലെ ജലനിരപ്പ് കുറയ്ക്കുകയാണല്ലൊ ചെയ്യുന്നത്. സാധാരണ മഴക്കാലത്ത് മറ്റുഡാമുകളിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുകയും പോരാത്ത വൈദ്യുതി മാത്രം ഇടുക്കിയിൽ ഉല്പാദിപ്പിക്കുകയുമാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് വഴി വേനൽക്കാലത്ത് ഇടുക്കി പൂർണ്ണതോതിൽ പ്രവർത്തിക്കുകയും പെരിയാറിലെ നീരൊഴുക്ക് സാദ്ധ്യമാവുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ നടപടി എറണാകുളം ജില്ലയെ വരൾച്ചയിലേയ്ക്കും ശുദ്ധജലക്ഷാമത്തിലേയ്ക്കും തള്ളിവിടും. ശുദ്ധജലത്തിനായി പെരിയാറിനെ ആശ്രയിക്കുന്നവർ ഈ വേനലിൽ ജീവജലത്തിനായി പരക്കം പായേണ്ടിവരും. പെരിയാറിന്റെ തീരത്തെ പല വ്യവസായശാലകളും ശുദ്ധജലത്തിന്റെ അഭാവത്തിൽ അടച്ചിടേണ്ടി വരും. ഇതിനെല്ലാം പുറമെ ഈ നടപടികൾ വേനൽക്കാലത്ത് കേരളത്തിൽ രൂക്ഷമായ വൈദ്യുതക്ഷാമത്തിനും ഇടയാക്കും. ഇന്നത്തെ ഈ നടപടികൾ ആത്മഹത്യാപരമാണെന്നാണ് എന്റെ അഭിപ്രായം. കെ എസ് ഇ ബി യ്ക്ക് ഇപ്പോളത്തെ നടപടകൾ 1500 കോടിയുടെ അധികബാധ്യത വരുത്തും എന്നാണ് ഇന്നലത്തെ പത്രവാർത്തകൾ പറയുന്നത്. ഏതാനും ലക്ഷങ്ങൾ മാത്രം നമുക്ക് മുല്ലപ്പെരിയാർ കരാറിലൂടെ ലഭിക്കുമ്പോൾ കോടികളുടെ നഷ്ടമാണ് ഇപ്പോളത്തെ നടപടികൾ വരുത്തി വെയ്ക്കുന്നത്. ഇനിയെങ്കിലും ഇത്തരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ പരിപാടികൾ സംസ്ഥാനസർക്കാർ നിറുത്തണം.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.