Skip to main content

ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്തയാണ് കോഴിക്കോട് സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ അവിടത്തെതന്നെ ഒരു ജീവനക്കാരന്‍ സ്ഥാപിച്ച ഒളിക്യാമറ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ കണ്ടെത്തിയതും അതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും. സത്യത്തില്‍ ഈ വാര്‍ത്ത ഒന്നിലധികം തവണ ഞെട്ടിച്ചു എന്നതാണ് സത്യം. സാഗര്‍ പോലെ മെച്ചപ്പെട്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു ഹോട്ടലില്‍ ഇത്തരം ഒരു അനാശാസ്യപ്രവര്‍ത്തി നടന്നു എന്നത്. രണ്ടാമതായി, തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മനഃസിലാക്കിയ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. വിവരം ബന്ധുക്കളേയും പോലീസിനേയും അറിയച്ചത്. എന്നാല്‍ പിന്നീട് ഉണ്ടായ വാര്‍ത്തകള്‍ സമ്മാനിച്ചത് ഇതിലും വലിയ ഞെട്ടലുകളാണ്. സാധാരണഗതിയില്‍ ഇത്രയും ധീരമായ ഒരു കാ‍ര്യത്തിന് ഈ പെണ്‍കുട്ടികളെ അനുമോദിക്കേണ്ടതിനു പകരം പരാതി നല്‍കുന്നതില്‍ നിന്നും കേസുമായി മുന്നോട്ട് പോവുന്നതില്‍ നിന്നും പെണ്‍കുട്ടികളെയും ബന്ധുക്കളേയും പിന്തിരിപ്പിക്കാനാന്‍ അവിടെയെത്തിയ നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ നടത്തിയ ശ്രമങ്ങള്‍, ഈ തൊണ്ടി വസ്തു സിറ്റി പോലീസ് കമ്മീഷനറെ മാത്രമേ ഏല്‍പ്പിക്കൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ സഹോദരനെ ഇതേ പോലീസ് തന്നെ മര്‍ദ്ദിച്ച അവശനാക്കിയത്, തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നകുറ്റം ചുമത്തി സഹോദരനെതിരെ കേസ് ചാര്‍ജ് ചെയ്തത് എല്ലാം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ. ഇപ്പോള്‍ ഇതാ ഈ ഒളിക്യാമറ സ്ഥാപിച്ച വ്യക്തി പഴയ ഒരു പൊലീസുകാരന്റെ മകനാണെന്നും ഈ പോലീസുകാരന്‍ സ്വന്തം ഭാര്യയെ തല്ലിക്കൊന്ന് കെട്ടിതൂക്കിയതിന്‍ ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് അമ്മയെക്കൊന്ന അച്ഛനോടൊപ്പം ആയിരുന്നത്രെ ഈ മകന്‍. ഈ പോലീസുകാരന് ഇപ്പോഴും വകുപ്പില്‍ ഉള്ള വ്യക്തിബന്ധങ്ങളാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനു പിന്നില്‍ എന്നുവ്യക്തമാക്കുന്നു ഈ പുതിയ വാര്‍ത്തകള്‍.

Comments