Skip to main content

കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസ്

കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ 50 കെ എസ് ആര്‍ ടി സി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. പൊതുവില്‍ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന മഹാനഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന് ഒരു ലക്ഷ്യം കൂടി ഈ സേവനത്തിനുണ്ട് എന്നത് ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകളില്‍ രസകരമായി തോന്നി. തിരു കൊച്ചി എന്നാണ് ഈ ബസ്സുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ.ജോണ്‍ പോളാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. ഇരു വശത്തും രണ്ടു വീതം സീറ്റുകള്‍. ആകെ നാല്പത് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സംവിധാനം‍.

നിലവില്‍ ഭൂരിഭാഗം സ്വകാര്യ ബസ്സുകളാണ് കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. പരക്കെ പരാതികളാണ് സ്വകാര്യ ബസ്സുകളെക്കുറിച്ചും അവയിലെ തൊഴിലാളികളേക്കുറിച്ചും മാദ്ധ്യമങ്ങളിലും പൊതുവിലും കേള്‍ക്കുക. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വര്‍ഷങ്ങളോളം കെ എസ് ആര്‍ ടി സി കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ്സുകള്‍ക്ക് കൂടി പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച കാര്യം വിസ്മരിക്കരുത്. ഒരു രംഗത്തും കുത്തക വല്‍ക്കരണം പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഇതു പോലെ തന്നെ സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തിയിരുന്ന മറ്റൊരു മേഖലയാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍ റൂട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അവിടേയും കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആ റൂട്ടില്‍ യാത്ര ചെയ്ത്പ്പോള്‍ ഉണ്ടായ അനുഭവം, കൃത്യമായ സമയ ക്രമം പാലിച്ച് മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സുകളെ മറികടക്കാന്‍ മത്സരിച്ച് ഓടുന്നതാണ്. നിലവില്‍ ഓരോ 3 മിനിട്ടിലും ഒരു സ്വകാര്യ ബസ്സുള്ള റൂട്ടാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍. കൂടാതെ ഓരോ പത്തു മിനിട്ടിലും ഒരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും സര്‍വ്വീസ് നടത്തുന്നു. അതിനിടയിലാണ് ഒരോ പതിനഞ്ചു മിനിട്ടിലും ഒരു ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് എന്ന അനുപാതത്തില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

ഇതേ അനുഭവം തന്നെയാവും കൊച്ചിയിലും ഉണ്ടാവുക. എന്തു നഷ്ടം വന്നാലും കെ എസ് ആര്‍ ടി സി യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവും. നിലവില്‍ ഒരു സര്‍വ്വീസിന് സര്‍ക്കാര്‍ ഒരു ദിവസം ചെലവാക്കുന്നത് 2052 രൂപയാണ്. എന്നാല്‍ സ്വകാര്യ ബസ്സുകളുടെ കാര്യം അങ്ങനെയല്ലല്ലൊ. കൂടുതല്‍ ആളുകളെ കയറ്റിയാന്‍ തന്നെയെ അവയ്ക്ക് നിലനില്‍പ്പുള്ളു. അതുകൊണ്ട് തന്നെ മത്സരം മുന്‍പത്തേതിനേക്കാള്‍ ശക്തമാകാനാണ് സദ്ധ്യത. ഇന്ന് ആരംഭിച്ചിരിക്കുന്ന സിറ്റി സര്‍വ്വീസുകളില്‍ ഏറ്റവും കൂടുതല്‍ എറണാകുളം - ആലുവ റൂട്ടിലാണ്. നിലവില്‍ അഞ്ചു മിനിട്ടിലും താഴെയാണ് ഈ റൂട്ടില്‍ രണ്ടു ബസ്സുകള്‍ തമ്മിലുള്ള സമയ വ്യത്യാസം. പുതുതായി ആരംഭിച്ചിരിക്കുന്ന തിരു കൊച്ചി സര്‍വ്വീസിലാകട്ടെ ഓരോ പത്തു മിനിട്ടിലും ഒരു സര്‍വ്വീസ് എറണാകുളത്ത് നിന്നും ആലുവയ്ക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും മത്സരം വര്‍ദ്ധിപ്പിക്കും
  • പൊതുവായ നിയമവ്യവസ്ഥകള്‍ ബാധകമാകുന്ന വിധത്തിലാവണം കൊച്ചിയിലും കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ നടത്താന്‍ എന്നതാണ് എന്റെ അഭിപ്രായം.
  • നിലവിലുള്ള സമയ ക്രമം കെ എസ് ആര്‍ ടി സി ബസ്സുകളേയും ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കണം.
  • നിലവില്‍ സ്വകാര്യബസ്സുകള്‍ക്കുള്ള ടൈം പഞ്ചിങ് (രവിപുരം, മേനക, കലൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍) തിരു കൊച്ചി സര്‍വ്വീസുകള്‍ക്ക് കൂടി ബാധകമാക്കണം
  • വിദ്യാര്‍ത്ഥികള്‍ക്ക് തിരു കൊച്ചി സര്‍വ്വീസുകളില്‍ സ്വകാര്യ ബസ്സുകളിലേതു പോലെ യത്രാ ഇളവ് അനുവദിക്കണം.
  • ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ശിക്ഷാനടപടികള്‍ തന്നെ തിരു കൊച്ചി സര്‍വ്വീസിനും ബാധകമാക്കണം.
  • ലൈന്‍ ട്രാഫിക് നിയമങ്ങള്‍ തിരു കൊച്ചിയ്ക്കും നിര്‍ബന്ധമാക്കണം.
ഒരേ രംഗത്ത് സേവനം നടത്തുന്ന രണ്ടു പേര്‍ക്ക് രണ്ടു തരം നിയമവ്യവസ്ഥ ശരിയല്ലല്ലൊ. പൊതുവായ നിയമങ്ങള്‍ അനുസരിച്ച് സര്‍വ്വീസ് നടത്തുന്നത് ജനങ്ങള്‍ക്ക് ഉപകാര പ്രദമാകും എന്ന് ഞാന്‍ കരുതുന്നു.

Comments