Skip to main content

മകരവിളക്ക് മനുഷ്യനിർമ്മിതം | Makaravilakku is manmade

ഒടുവിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് ആ സത്യം  ഔദ്യോഗീകമായി അംഗീകരിച്ചു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം മൂന്നുതവണ തെളിയുന്ന ദീപം ദിവ്യമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബോധിപ്പിച്ചു. പുല്ലുമേട് ദുരന്തത്തെ തുടർന്ന് നടക്കുന്ന ഒരു കേസിൽ മകരവിളക്ക് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദേവസ്വം ബോർഡിന്റെ വെളുപ്പെടുത്തൽ. ആദിവാസികൾ അവിടെ നടത്തുന്ന ദീപാരാധനയാണിതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അവകാശപ്പെടുന്നത്. ഇത് തുടർന്ന് ശബരിമലയിലെ ശാന്തിക്കാരനെ ഉപയോഗിച്ച് നടത്താൻ അനുവദിക്കണമെന്നും മകരവിളക്ക് നിറുത്തലാക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നും ദേവസ്വം ബോർഡ് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് കെ എസ് ഇ ബി യുടേയും, വനം‌വകുപ്പിന്റേയും, പോലീസിന്റേയും സഹകരണം ആവശ്യമാണെന്നും ദേവസ്വം ബോർഡ് പറയുന്നു. അല്പം മുൻ‌പ് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ദേവസ്വം ബോർഡും, പോലീസും, വനം‌വകുപ്പും ചേർന്ന തന്നെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നത്. ഈ വസ്തുത സത്യവാങ്‌മൂലത്തിൽ മറച്ചുവെച്ചതായി വേണം വാർത്തയിൽ നിന്നും മനസ്സിലാക്കാൻ. കഴിഞ്ഞ് കുറെ ദശാബ്ദങ്ങളായി മകരവിളക്ക് സംബന്ധിച്ച വിവാദങ്ങളിൽ ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന ദേവസ്വം ബോർഡിന്റെ പുതിയ നയം സ്വാഗതാർഹം തന്നെ. വിശ്വാസികളെ തുടർന്നും ചൂഷണം ചെയ്യാതെ ബോധവാന്മാരാക്കുന്നതിനും ദേവസ്വം ബോർഡ് ശ്രമിക്കും എന്ന് പ്രത്യാശിക്കാം.
ഈ വിഷയത്തിൽ നേരത്തെ എഴുതിയ രണ്ട് അവലോകനങ്ങൾ ഇവിടേയും ഇവിടേയും വായിക്കാം.

Comments