ഇന്നലെ പലരുടേയും പോസ്റ്റുകൾ കണ്ടു. നെയ്യാറ്റിങ്കരയിൽ സനൽകുമാർ എന്ന ചെറുപ്പക്കാരനെ ഒരു വാഹനത്തിന്റെ മുന്നിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യ അത് മാദ്ധ്യമവിചാരണയുടെ ഫലമാണെന്നും 'ആത്മാഭിമാനം' മൂലമാണ് ഹരികുമാർ തൂങ്ങിമരിച്ചെതെന്നും ആ മരണത്തിന്റെ ഉത്തരവാദികൾ മാദ്ധ്യമങ്ങളും സമൂഹവും ആണെന്നൊക്കെ ആണ് അവർ പറയുന്നത്. അവരോട് പറയാനുള്ളത് ഈ ആത്മാഭിമാനം ഹരികുമാറിനു മാത്രമല്ല ഉള്ളത്. വ്യക്തിവൈര്യാഗ്യത്തിന്റെ പേരിലും സ്വന്തം ഈഗോയുടെ പേരിലും കള്ളക്കേസിൽ കുടിക്കി സമൂഹത്തിന്റെ മുൻപിൽ വിലങ്ങണിയിച്ചും സ്റ്റേഷനിലെ ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ചും ചില പോലീസേമാന്മാർ ചിത്രവധം ചെയ്യുന്ന ഓരോ സാധാരണ പൗരനും ഉണ്ടെന്നാണ്. അവർ ചെയ്ത 'കുറ്റം' ഒരു പക്ഷെ ഏതെങ്കിലും ഏമാന്മാരെ ചോദ്യം ചെയ്തത് ആകാം. അല്ലെങ്കിൽ ഏതെങ്കിലും ഏമാന്മാരുടെ തലതൊട്ടപ്പന്മാർക്ക് ഇഷ്ടക്കേടുണ്ടാക്കിയതാകാം. അതിനൊക്കെ നിങ്ങൾ മാദ്ധ്യമവിചാരണയ്ക്കും സമൂഹത്തിന്റെ മുൻപിൽ പ്രദർശനവസ്തുവായ കുറ്റവാളിയാക്കിയും നിറുത്തുന്ന സാധാരണക്കാരനും ഈ ആത്മാഭിമാനം ഉണ്ട്. ഏതാനും ആഴ്ചകൾ മുൻപാണ് ബാലപീഡനം ആരോപിച്ച് ആലുവ ജനസേവശിശുഭവന്റെ ജോസ് മാവേലിയെ ഇതുപോലെ മാദ്ധ്യമ വിചാരണയ്ക്ക് നിറുത്തിയത്. പണ്ട് ആലപ്പുഴയിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരായ ഒരു സ്ത്രീയേയും പുരുഷനേയും താലിമാലയും സിന്ദൂരപ്പൊട്ടും കാണാത്തതിൽ സംശയം തോന്നി അപഥസഞ്ചാരികൾ എന്ന് മുദ്രകുത്തി പീഡിപ്പിച്ചത്, അതിനും കുറെ കഴിഞ്ഞാണ് ഒരു ഓട്ടോ ഡ്രൈവറെ അയാൾ സ്ക്കൂളിൽ കൊണ്ടുപോകുന്ന കുട്ടികളിലെ ഒരാളെ പീഡിപ്പിച്ചു എന്ന വ്യാജ കുറ്റം ചുമത്തി മാദ്ധ്യമവിചാരണയ്ക്ക് എറിഞ്ഞു കൊടുത്തത്. അതിനും ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു റിട്ടയേഡ് പ്രിൻസിപ്പലിനെ ബാലപീഡനത്തിനു അറസ്റ്റ് ചെയ്ത് മാദ്ധ്യമ വിചാരണയ്ക്ക് വിട്ടുകൊടുത്തത്. ഇവരെയൊക്കെ നിങ്ങളാണ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചത്. വരെ അറസ്റ്റ് ചെയ്യാൻ പോകുന്നതും അറസ്റ്റ് ചെയ്തും ഒക്കെ മാദ്ധ്യമങ്ങളെ അറിയിച്ച് സമൂഹത്തിനു മുൻപിൽ ഇവരെ അപഹാസ്യരാക്കിയത് നിങ്ങളിൽ ചിലർ തന്നെ ആണ്. കോടതികൾ നിരപരാധികളെന്നു കണ്ട് വിട്ടയച്ചിട്ടും നിങ്ങളിൽ ചിലർ നടത്തിയ കൊള്ളരുതായ്മ ഏല്പിച്ച അപമാനഭാരം പേറി മേല്പറഞ്ഞവരൊക്കെ ഇപ്പോഴും ഈ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. നിങ്ങളിൽ ചിലർ ചേർന്ന് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചും ഭീഷിണിപ്പെടുത്തിയും ഒക്കെ നിങ്ങൾ ചാർത്തിയകുറ്റങ്ങൾ ഏൽക്കാൻ പ്രേരിപ്പിച്ചിട്ടും അതൊന്നും ഏൽക്കാതെ ദശാബ്ദങ്ങൾ നീണ്ട നിയമപോരാട്ടം നടത്തി ഒടുവിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രം സുപ്രീംകോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട ഒരാൾ ഉണ്ട് നമ്പി നാരായണൻ, ആരും അത്മഹത്യ ചെയ്തു പോയേക്കാവുന്ന ജീവിതസാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടും അതിനു തുനിയാതെ പൊരുതാൻ ഉറച്ചവർക്ക് പ്രചോദനം നൽകുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തെ പീഡിപ്പിച്ചവർ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി തുടരുന്നു എന്നത് മറ്റൊരു വൈപരീത്യം. വരാപ്പുഴയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന പോലീസുകാരെ നിങ്ങളിൾ മാദ്ധ്യമങ്ങൾക്ക് മുൻപിൽ നിരത്തി നിറുത്തിയിട്ടുണ്ടോ? തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പോലീസുകാരുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങൾ എടുക്കാതിരിക്കാൻ ആൾമാറാട്ടം വരെ നടത്തിയില്ലെ നിങ്ങളിൽ ചിലർ. ഹരികുമാറിനെ പോലെ ഉള്ളവർക്ക് മാത്രമല്ല ആത്മാഭിമാനം ഉള്ളത്. അയാൾ തൂങ്ങിമരിച്ചെങ്കിൽ അത് അയാളുടെ കുറ്റബോധം കൊണ്ടാണ്. അയാളുടെ കൈയ്യിലിരുപ്പു കൊണ്ടാണ്. പുറത്തു വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയാൾക്കെതിരെ നിരവധി ആരോപണങ്ങൾ പോലീസിന്റെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അവിശുദ്ധമായ പല കൂട്ടുകെട്ടുകളും ഉള്ള ഉദ്യോഗസ്ഥൻ ആയിരുന്നു അയാൾ. ഹരികുമാറിനെ ഇരയാക്കി ചിത്രീകരിച്ചും മഹത്വവൽകരിച്ചും കുറെ പോസ്റ്റുകൾ ഇന്നലേയും ഇന്നുമായി കണ്ടു, ഇത്രയെങ്കിലും എഴുതണം എന്ന് തോന്നി.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.