Skip to main content

കുട്ടിസഖാക്കളുടെ നിലമറന്ന അക്രമം

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ എം പി ഓഫീസ് അടിച്ചു തകർത്ത കുട്ടിസഖാക്കളോട് ഒരു വാക്ക്.


സഖാക്കളെ,

ശരിയാണ് നിങ്ങളുടെ ഇരട്ടച്ചങ്കൻ ഇവിടെ നിരിവധി ആരോപണങ്ങൾ നേരിടുന്നുണ്ട്. അതിൽ നിന്നൊക്കെ ശ്രദ്ധതിരിക്കേണ്ടത് നിങ്ങൾക്ക് ആവശ്യവുമാണ്. ദേശീയമാദ്ധ്യമങ്ങൾ തന്നെ സ്വപ്നപ്രഭ സുരേഷിന്റെ വെളിപ്പെടുത്തലുകൾ വാർത്തയാക്കിയിട്ടുണ്ട്. അതുകൂടാതെ പാർടി സഖാവിന്റെ കുടുംബത്തെ സഹായിക്കാൻ പാർടി പിരിച്ച പണം സഖാക്കൾ തന്നെ അടിച്ചുമാറ്റി എന്ന വിഷയം കണ്ണൂർ പയ്യന്നൂരിൽ ചൂടുപിടിച്ചു നിൽക്കുന്നു. അങ്ങനെ ജനശ്രദ്ധ അതിൽ നിന്നൊക്കെ തിരിച്ചുവിടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാവുക സ്വാഭാവികം. അതിനു പതിവു പോലെ കുട്ടി ഗുണ്ടാസംഘത്തെ ഇറക്കി അക്രമം ഉണ്ടാക്കുന്നതും സ്വാഭാവികം ആണ്. പക്ഷെ ഇതല്പം കടന്നുപോയി എന്ന് പറയാതെ വയ്യ. പരിസ്ഥിതി വിഷയത്തിൽ വയനാട് എം പി രാഹുൽ ഗാന്ധി പ്രതികരിച്ചില്ല എന്നാരോപിച്ച് കല്പറ്റയിൽ ഉള്ള എം പി ഓഫീസ് അടിച്ചു തകർക്കുകയും കസേരയിൽ വാഴവയ്ക്കുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് കടന്നുപോയി എന്നല്ലാതെ എന്തുപറയാൻ.

കഴിഞ്ഞ ഏതാനും നാളുകൾ ആയി രാഹുൽ ഗാന്ധി കടന്നു പോകുന്ന മാനസീക അവസ്ഥയെങ്കിലും നിങ്ങൾ പരിഗണിക്കേണ്ടതായിരുന്നു. അമ്മയ്ക്ക് സുഖമില്ല. ആശുപത്രിയിൽ ആണ്. നിങ്ങളുടെ ഇരട്ടച്ചങ്കൻ പോലും അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ജയിലിൽ നിന്നും വിട്ടയക്കണം എന്ന് അടിയന്തിരാവസ്ഥക്കാലത്ത് അന്നത്തെ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചതാണ്. ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും രാഹുൽ ഗാന്ധിയും അതാണ് പറഞ്ഞത്. എന്നിട്ടും ഇഡി സമ്മതിച്ചില്ല. ദിവസങ്ങളായി പത്തും പന്ത്രണ്ടും മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. അടുത്ത ദിവസം പറയേണ്ട ഉത്തരങ്ങൾ പഠിച്ച് ഒന്ന് ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ല. അത്രയും ആകുലമായ മനസ്സുമായി കഴിയുന്ന ആൾ എങ്ങനെ ആണ് പരിസ്ഥിതി വിഷയത്തിൽ പ്രതികരിക്കുക! നിങ്ങൾ ഇങ്ങനെ ആവശ്യപ്പെടുന്നത് തന്നെ മനുഷ്യത്വമില്ലായ്മയാണ്. നിങ്ങൾക്ക് മനുഷ്യത്വം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും അല്പം കടന്നകൈ ആണ്, എന്നാലും ആഗ്രഹിച്ചുപോകുന്നു.

പിന്നെ കേരളം വിട്ടാൻ നിങ്ങളുടെ അവസ്ഥ എന്തെന്ന് നിങ്ങൾക്ക് അറിയാമല്ലൊ. ബംഗാളിലും തൃപുരയിലും ഒക്കെ ഓടിക്കയറാൻ അവശേഷിച്ചിട്ടുള്ളത് കോൺഗ്രസ്സിന്റെ ഏതാനും ഓഫീസുകൾ മാത്രമാണ്. കോൺഗ്രസ്സിനു കേരളത്തിനു വെളിയിൽ പിന്നെയും ഭരണം ഉള്ള സ്ഥലങ്ങൾ ഉണ്ട്. നിങ്ങളുടെ അവസ്ഥ അതാണോ. ലോക്സഭയിൽ സഖാവ് ആരിഫ് പോലും തനിച്ചാവതെ പോയത് തമിഴ്നാട്ടിൽ കോങ്ങ്രസ്സും ലീഗും ഒക്കെ പിന്തുണച്ച് രണ്ട് എം പി മാരെ കിട്ടിയതുകൊണ്ടാണ്. അതൊക്കെ ഇങ്ങനെ മറക്കാമോ? പിന്നെ ആരിഫ് ഇപ്പോൾ തമിഴ് സംസാരിക്കാനും എഴുതാനും ഒക്കെ പഠിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. അത്രയ്ക്ക് അന്ധാളിച്ചാണ് സഖാവ് ആരിഫ് ആദ്യ ദിനങ്ങളിൽ ലോക്സഭയിൽ ഇരുന്നത്. അതുകൊണ്ട് കേരളം വിട്ടാൽ പലയിടത്തും നിങ്ങൾക്ക് അഭയമാകുന്നത് കോൺഗ്രസ്സ് ഓഫീസുകൾ ആണെന്നകാര്യം ഇനിയെങ്കിലും നിങ്ങൾ മറക്കരുത്. 

ഇതിനൊക്കെ പുറമെ പരിസ്ഥിതി സംബന്ധിക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം സുപ്രീംകോടതി ഉത്തരവ് കൂടിയല്ലെ? സുപ്രീംകോടതി ഉത്തരവ് എന്നാൽ അത് ഈ രാജ്യത്തെ അന്തിമമായ തീർപ്പാണെന്നും അതിനെതിരെ ആരും പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങരുതെന്നും ഒക്കെ അല്ലെ ശബരിമല വിധിയ്ക്കെതിരെ ഞങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ നിങ്ങൾ പറഞ്ഞിട്ടുള്ളത്. എന്നിട്ട് ഇപ്പോൾ നിങ്ങൾ തന്നെ മുൻകൈ എടുത്ത വയനാട്ടിലും ഇടുക്കിയിലും ഒക്കെ ഹർത്താലും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത് നിങ്ങളുടെ തന്നെ മുൻനിലപാടുകൾക്ക് വിരുദ്ധമല്ലെ? ക്ഷമിക്കണം നിങ്ങളിൽ നിന്നും അങ്ങനെ ഏതെങ്കിലും വിഷയത്തിൽ 'നിലപാട്' ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കരുതായിരുന്നു.

എന്തായാലും കുട്ടിഗുണ്ടകളെക്കൊണ്ട് വയനാട് എം പിയുടെ കല്പറ്റയിലെ ഓഫീസ് അടിച്ചു തകർത്തത് വളരെ തെറ്റായ നടപടി ആയിപ്പോയി സഖാക്കളെ. വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തിയായിപ്പോയി. ഇതിന്റെയൊക്കെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് കേരളത്തിനു വെളിയിൽ അഭയം ചോദിച്ച് കോൺഗ്രസ്സ് ഓഫീസുകളിൽ കയറാൻ വിധിക്കപ്പെട്ട പാവം പാർടിപ്രവർത്തകരും പിന്നെ അങ്ങ് ഡൽഹിയിൽ നിങ്ങളുടെ പാർടി ജനറൽ സെക്രട്ടറി കൂടിയായ സീതാറാം യച്ചൂരിയും കൂടിയാണെന്ന് നിങ്ങൾ ഓർക്കേണ്ടതല്ലെ? ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ. പറ്റിയത് പറ്റി. ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രമിക്കുമല്ലൊ. നിങ്ങളുടെ കുട്ടിഗുണ്ടാസംഘത്തിന്റെ രക്തനക്ഷത്രാംഗിത ശുഭ്രപതാകയിലെ വാക്കുകൾ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് നിറുത്തട്ടെ. "സാതന്ത്ര്യം സാഹോദര്യം സോഷ്യലിസം" സിന്ദാബാദ് 💪

വിപ്ലവാഭിവാദ്യങ്ങളോടെ

ഇരട്ടച്ചങ്കന്റെ നാട്ടിലെ ഒരു പ്രജ.

Comments